പിലിഭിത്: നിരവധി കൊലക്കേസുകളിലെ പ്രതിയെ പോലീസ് ഏറ്റുമുട്ടലിൽ വധിച്ചു. വസ്ത്രവ്യാപാരിയെ കൊലപ്പെടുത്തിയ കേസിൽ ഒളിവിൽപോയ ശിവം എന്ന സർവജീത് (23) ആണ് പോലീസ് വെടിവയ്പിൽ കൊല്ലപ്പെട്ടത്. ഏറ്റുമുട്ടലിൽ രണ്ടു പോലീസുകാർക്ക് പരിക്കേറ്റു. പിടികിട്ടാപ്പുള്ളിയായ ശിവത്തിന്റെ തലയ്ക്ക് പോലീസ് 1.75 ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചിരുന്നു.
പിലിഭിത്തിൽനിന്ന് 58 കിലോമീറ്റർ അകലെ ശീതൾപുർ ഗ്രാമത്തിൽ ശിവം ഒളിച്ചിരിപ്പുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ അവിടെയെത്തിയ പോലീസിനു നേർക്ക് വെടിയുതിർത്ത പ്രതി മോട്ടോർസൈക്കിളിൽ വനത്തിലേക്കു രക്ഷപ്പെടാൻ ശ്രമിച്ചു. പ്രത്യാക്രമണത്തിലാണ് ശിവം കൊല്ലപ്പെട്ടതെന്നു പോലീസ് പറഞ്ഞു. സെമി ഓട്ടോമാറ്റിക് പിസ്റ്റൾ, തിരകൾ എന്നിവ സംഭവ സ്ഥലത്തുനിന്നു പോലീസ് കണ്ടെടുത്തു.